തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിറങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നിന്നും എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമലിനെ ഒഴിവാക്കി. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ മാത്രമാണ് വിജയ് വിമലിന്റെ പേരുള്ളത്. കേസില്‍ വിജയ് വിമലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
വിജയ് വിമലിനെ അഞ്ചുതെങ്ങിലെ വീട്ടില്‍ക്കയറിയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ഒരു ഇ ഡി ഉദ്യോഗസ്ഥരെയും പൊലീസുകാരെയും ആക്രമിച്ച രണ്ട് കേസുകളിലായി അറസ്റ്റിലായവരുടെ എണ്ണം 26 ആയി. അതേസമയം, തങ്ങളുടെ പ്രവര്‍ത്തകരെ കൂട്ടത്തോടെ വേട്ടയാടാനാണ് പൊലീസ് ശ്രമമെന്ന് എസ്എഫ്ഐ ആരോപിച്ചു.ജില്ലാ പ്രസിഡന്റ് അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് എസ്എഫ്ഐ വാദം. എസ്എഫ്ഐക്ക് കേരളത്തില്‍ നിരോധനമുണ്ടോയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കണമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു.