കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവ് ; DMO റിപ്പോർട്ട് തള്ളിയ ആരോഗ്യ മന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്‌ത്‌ വത്സല

പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിൽ ഡിഎംഒയുടെ റിപ്പോർട്ട് തള്ളിയ ആരോഗ്യമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്‌ത്‌ പരാതിക്കാരി വത്സല. ഡിഎംഒ ആരെ സംരക്ഷിക്കാനാണ് പിഴവില്ലെന്ന് റിപ്പോർട്ട് കൊടുത്തത് ? തന്നെ കൊല്ലാൻ വേണ്ടിയാണോ ആശുപത്രി അധികൃതർ ഇങ്ങനെ ചെയ്തത്? ആരോഗ്യമന്ത്രി അങ്ങനെ ഒരു നിലപാട് സ്വീകരിച്ചത് ഏറ്റവും നല്ല കാര്യമാണ്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം.കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്നാണ് ശരീരത്തിനുള്ളിൽ സൂചി കയറിയതെന്നും വത്സല ആവർത്തിച്ചു. കോഴഞ്ചേരിയിൽ ചികിത്സയ്ക്ക് പോയതിന്റെ എല്ലാ തെളിവുകളും കുത്തിവെപ്പ് എടുത്തതിന്റെയും രേഖകൾ ബന്ധപ്പെട്ടവരെ കാണിച്ചു, എന്നിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ റിപ്പോർട്ട് കൊടുത്തതെന്ന് തനിക്ക് അറിയില്ലെന്നും കുറ്റക്കാർക്കെതിരെ നടപടി വേണം. സർക്കാർ അർഹമായ നഷ്ടപരിഹാരം നൽകണമെന്നും വത്സല ആവശ്യപ്പെട്ടു.അതേസമയം, ഇടതു സർക്കാരിന്റെ കാലത്തെ ചികിത്സ പിഴവ് ആരോപണങ്ങളിൽ പരാതിക്കാർ ആവശ്യപ്പെട്ടാൽ പുനരന്വേഷണം ആകാമെന്നാണ് ആരോഗ്യമന്ത്രിയുടെ നിലപാട് . പിന്നാലെയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയർ കുടുങ്ങിയ സുമയ്യ നീതി തേടി സർക്കാറിന് മുന്നിലേക്ക് എത്തുന്നത്. ഇപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നുവെന്ന് യുവതി പറയുന്നു. വീഴ്ചവരുത്തിയ ഡോക്ടർക്ക് എതിരെ നടപടി വേണമെന്നും ആവശ്യമുണ്ട്.വീണ്ടും തിരുവനന്തപുരം മെഡിക്കൽ കോളജിലുണ്ടായ ഗുരുതര പിഴവിന്റെ വിവരവും ഇന്ന് പുറത്ത് വന്നു. മരത്തിൽ വീണുണ്ടായ മുറിവിൽ നിന്ന് മരക്കഷണങ്ങൾ നീക്കാതെ ഡോക്ടർമാർ ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. രണ്ട് മാസത്തിനുശേഷമാണ് മരക്കഷണങ്ങൾ പുറത്തെടുക്കുന്നത്.പിന്നാലെ ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസറോട് വിശദീകരണം തേടി. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികളെടുക്കാനാണ് തീരുമാനം.

Spread the truth:

Recent News

Keep Exploring