ഈ വർഷം ഉപയോക്താക്കൾക്കായി നിരവധി അപ്പ്‌ഡേറ്റുകളാണ് വാട്‌സ്ആപ്പ് പുറത്തിറക്കിയത്. ഇത്തവണ വർഷം അവസാനിക്കുന്നതിനൊപ്പം അവധിദിനങ്ങൾ കൂടി പരിഗണിച്ച് അപ്പ്‌ഡേറ്റുകളുടെ ഒരു നിര തന്നെയാണ് വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുറത്തിറക്കാൻ പോകുന്നത്. കോളുകൾ, ചാറ്റുകൾ, AI ടൂളുകൾ, സ്റ്റാറ്റസ് എന്നിവയിലെല്ലാം അപ്പ്‌ഡേറ്റുകൾ വരാൻ പോകുകയാണ്. ഇതിൽ ഏറ്റവും ഉപയോഗപ്രദമാകുന്ന അപ്പ്‌ഡേഷൻ മിസ് കോൾ മെസേജുകളായിരിക്കും.
ഹോളിഡേ മൂഡിൽ കുടുംബമോ സുഹൃത്തുക്കളോ വിളിക്കുന്ന കോളുകൾ നിങ്ങൾക്ക് മിസ് ആവാതിരിക്കാനാണ് ഈ അപ്പ്‌ഡേറ്റ്. ഒരു കോൾ നിങ്ങൾ വിളിച്ചയാള്‍ പിക്ക് ചെയ്തില്ലെങ്കിൽ, അപ്പോള്‍ തന്നെ അവർക്ക് ഒരു ചെറിയ വോയിസ് അല്ലെങ്കിൽ വീഡിയോ നോട്ടുകൾ ഏത് തരം കോളാണ് (ഓഡിയോ/ വീഡിയോ) ചെയ്തതെന്നതിനെ അടിസ്ഥാനമാക്കി അയക്കാൻ കഴിയും. ഒറ്റടാപ്പിൽ അയക്കാൻ കഴിയുന്ന ഈ നോട്ട്, വോയ്‌സ്‌മെയിലിന്റെ മോർഡേൺ വേഷനായാണ് കണക്കാക്കുന്നത്. ഇതോടെ നിങ്ങൾ ആരെയാണോ വിളിച്ചത് അയാൾ ഫ്രീയാകുമ്പോൾ ഈ മെസേജ് കാണാനും കേൾക്കാനും കഴിയും.