ട്രെയിൻ ടിക്കറ്റ് നിരക്കിൽ വർധനവ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, ലക്ഷ്യം 600 കോടി അധിക വരുമാനം; മാറ്റങ്ങൾ ഇങ്ങനെ

ദില്ലി: ഇന്ത്യൻ റെയിൽവേ യാത്രാനിരക്കുകളിൽ വരുത്തിയ പുതിയ പരിഷ്കാരങ്ങൾ ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരും. രാജ്യത്തെ രണ്ടാമത്തെ വലിയ തൊഴിൽദാതാവായ റെയിൽവേ, ഈ നിരക്ക് മാറ്റത്തിലൂടെ ഏകദേശം 600 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും സാധാരണക്കാരായ യാത്രക്കാരെയും കുറഞ്ഞ വരുമാനക്കാരെയും പ്രതികൂലമായി ബാധിക്കാത്ത വിധത്തിലാണ് പുതിയ നിരക്ക് ഘടന വിഭാവനം ചെയ്തിരിക്കുന്നത്.

പുതിയ ഉത്തരവ് പ്രകാരം, ഓർഡിനറി ക്ലാസുകളിൽ 215 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് കിലോമീറ്ററിന് ഒരു പൈസ വീതം അധികം നൽകണം. മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ നോൺ-എസി, എസി ക്ലാസുകളിൽ കിലോമീറ്ററിന് രണ്ട് പൈസയാണ് വർദ്ധിപ്പിച്ചത്. അതേസമയം, 215 കിലോമീറ്ററിൽ താഴെ യാത്ര ചെയ്യുന്നവർക്ക് നിരക്ക് വർദ്ധന ബാധകമാകില്ല. ഉദാഹരണത്തിന്, നോൺ-എസി കോച്ചിൽ 500 കിലോമീറ്റർ ദൂരം യാത്ര ചെയ്യുന്ന ഒരാൾക്ക് 10 രൂപ മാത്രമാണ് അധികമായി ചെലവാകുക. സബർബൻ ട്രെയിനുകളെയും മന്ത്‌ലി സീസൺ ടിക്കറ്റുകളെയും (MST) വർദ്ധനവിൽ നിന്ന് ഒഴിവാക്കിയത് സാധാരണക്കാരായ സ്ഥിരം യാത്രക്കാർക്ക് വലിയ ആശ്വാസമാകും.

റെയിൽവേയുടെ പ്രവർത്തന ചിലവുകളിൽ ഉണ്ടായ വൻ വർദ്ധനവാണ് നിരക്ക് പരിഷ്കരണത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവിൽ ജീവനക്കാരുടെ ശമ്പള ഇനത്തിൽ മാത്രം 1,15,000 കോടി രൂപ റെയിൽവേ ചിലവിടുന്നുണ്ട്. പെൻഷൻ ചിലവ് 60,000 കോടി രൂപയായും ഉയർന്നു. 2024-25 സാമ്പത്തിക വർഷത്തിൽ റെയിൽവേയുടെ ആകെ പ്രവർത്തന ചിലവ് 2,63,000 കോടി രൂപയായാണ് വർദ്ധിച്ചത്. ഈ അധിക ബാധ്യത മറികടക്കുന്നതിനായി ചരക്ക് നീക്കം വർദ്ധിപ്പിക്കുന്നതിനൊപ്പം യാത്രാനിരക്കുകളിൽ ചെറിയ തോതിലുള്ള മാറ്റങ്ങൾ വരുത്തുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്ന് റെയിൽവേ പ്രസ്താവനയിൽ വ്യക്തമാക്കി.

Spread the truth:

Recent News

Keep Exploring